തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനും ബിജെപിക്കും കനത്ത തിരിച്ചടി നൽകി ഉപദേശക സമിതി. സുഗതന്റെ 6 മാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു നൽകിയ റിപ്പോർട്ട് പറയുന്നത്. ഇതോടെ സുഗതന്റെ തടങ്കൽ തുടരുമെന്നു കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളാണ് സുഗതനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം നടപടിക്കെതിരെ സുഗതന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാൽ സുഗതൻ ജയിലിൽ തുടരണം. അതോടെ കൗൺസിലർ സ്ഥാനവും നഷ്ടമാകും. അങ്ങനെ വന്നാൽ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതിക്കും ഇതു വലിയ തിരിച്ചടിയാകും. 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണു ബിജെപിക്കുള്ളത്. ഒറ്റയൊരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരിക്കുന്നത്.
സുഗതന്റെ രണ്ട് ജാമ്യാപേക്ഷകൾ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (2) കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതൻ ജാമ്യഹർജി നൽകിയിരുന്നത്.
നിലവിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ പോലീസ് ചാർജ് ചെയ്തിരിക്കുന്നത്.

















































