ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 86 ലക്ഷത്തിലധികം കുറവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡൈസ് (UDISE 2025-26) റിപ്പോർട്ട്. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ അംഗീകൃത സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകളിൽ 88 ലക്ഷത്തിലധികം പുതിയ വിദ്യാർഥികൾ ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഔദ്യോഗിക ഡിജിറ്റൽ ഡാറ്റാബേസായ യുഡൈസ് പ്ലസിന്റെ കണക്കുകൾ പ്രകാരം, സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് 12.75 കോടിയിൽ നിന്ന് 11.89 കോടിയായി കുറഞ്ഞു. അതേസമയം സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 9 കോടിയിൽ നിന്ന് 9.89 കോടിയായി ഉയർന്നു.
ഫൗണ്ടേഷണൽ മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 24.80 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞു. ആകെ സ്കൂളുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും അധ്യാപകരുടെ എണ്ണം 98.08 ലക്ഷത്തിൽ നിന്ന് 1.03 കോടിയായി വർധിച്ചു. ഇതോടെ വിദ്യാർഥി-അധ്യാപക അനുപാതം 25-ൽ നിന്ന് 24 ആയി മെച്ചപ്പെട്ടു.
അതേസമയം, വിദ്യാർഥികളില്ലാത്ത സ്കൂളുകളുടെ എണ്ണം 12,954-ൽ നിന്ന് 5,663 ആയി കുറഞ്ഞതും ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1.11 ലക്ഷത്തിൽ നിന്ന് 1.01 ലക്ഷമായി കുറഞ്ഞതും റിപ്പോർട്ടിൽ ശ്രദ്ധേയമാണ്.
‘മുഖ്യമന്ത്രി ദേശാഭിമാനി മാത്രമേ വായിക്കൂ എന്നറിഞ്ഞതിൽ സന്തോഷം’; വിഴിഞ്ഞം വിഷയത്തിൽ പി. രാജീവ്
















































