കള്ളാടി: “എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ടതോടെ ജീവനുംകൊണ്ട് ഓടി. എത്ര ഓടിയിട്ടും രക്ഷപ്പെടാനാകില്ലെന്ന് തോന്നി. കാലുകൾ കുഴഞ്ഞുപോയി…” വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാളിന്റെ വാക്കുകളാണിത്.
ബാങ്കിലേക്ക് പോകുന്നതിനായി ബസ് കയറാൻ എത്തിയതായിരുന്നു കൂടമ്മാളും ഭർത്താവും. കുറച്ചുസമയം കൂടി ബസ് സ്റ്റോപ്പിൽ നിന്നിരുന്നെങ്കിൽ തങ്ങളും മണ്ണിനടിയിലാകുമായിരുന്നുവെന്ന് അവർ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം സംഭവിച്ചതെന്നും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ മണ്ണും വെള്ളവും പാലം കടന്ന് കുത്തിയൊലിച്ചെത്തിയെന്നും ഇരുവരും പറഞ്ഞു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സമീപത്തെ കടയിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കുന്നിടിഞ്ഞ് മണ്ണും ചെളിയും അതിശക്തമായി താഴേക്ക് പതിക്കുന്നതും തുടർന്ന് പാലം കടന്ന് വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തുന്നതും കാണാം. ജീവനുംകൊണ്ട് ഓടുന്ന കൂടമ്മാളും ഭർത്താവും ദൃശ്യങ്ങളിലുണ്ട്. വെള്ളം നിറച്ച ടാങ്കർ ലോറി മണ്ണിനും ചെളിക്കുമൊപ്പം ഒഴുകി നീങ്ങി. ആ വണ്ടിയുടെ തൊട്ടടുത്തായാണ് കൂടമ്മാളും ഭർത്താവും വീണതെന്നും അപകട ദൃശ്യങ്ങളിൽ കാണാനാകും. ഇരുവർക്കും ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

















































