ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. അസം റൈഫിൾസിലെ വാറന്റ് ഓഫീസർ ബൽവർ സിങ്ങും ഹവിൽദാർ സി.എം. സിങ്ങുമാണ് കൊല്ലപ്പെട്ടത്. ദേശീയപാത 202-ൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നത്.
പരിശോധനാ ദൗത്യത്തിനായി സഞ്ചരിച്ചിരുന്ന അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ പതുങ്ങിയിരുന്ന ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. വിവരം ലഭിച്ച ഉടൻ സൈന്യവും മറ്റ് സുരക്ഷാസേനകളും സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിപ്പൂരിൽ സുരക്ഷാ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്. നാഗ വിഭാഗത്തിൽപ്പെട്ട ആറുപേരെ കൂക്കി വിഭാഗവുമായി ബന്ധപ്പെട്ട സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. നിലവിലെ ആക്രമണത്തിനും ഈ സംഘർഷപശ്ചാത്തലത്തിനും ബന്ധമുണ്ടോയെന്ന കാര്യവും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
മണിപ്പൂരിലെ പ്രധാന ദേശീയപാതകളിൽ കൂക്കി, നാഗ വിഭാഗങ്ങളുടെ സ്വാധീന മേഖലകളിൽ വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ഗതാഗതത്തിനും ചരക്കുനീക്കത്തിനും വലിയ തടസ്സമാണ് നേരിടുന്നത്. ഇതേത്തുടർന്നാണ് അസം റൈഫിൾസ് പ്രദേശത്ത് വ്യാപക പരിശോധനയും സുരക്ഷാ പട്രോളിംഗും ശക്തമാക്കിയത്. അത്തരമൊരു പരിശോധനാ ദൗത്യത്തിനിടെ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനാണ് ഭീകരരുടെ ആക്രമണം നേരിടേണ്ടിവന്നത്.

















































