തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് ജി. സുധാകരൻ എംഎൽഎ. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണെന്നും ഗോവിന്ദൻ സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും അദ്ദേഹം അടിയന്തരമായി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സ്വന്തം തൊഴിലാളി- കർഷക വർഗങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷ്വാ വർഗത്തിനും സന്തോഷമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് യഥാർഥ വർഗവഞ്ചന. പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗോവിന്ദനെന്നും പാർട്ടിയുടെ അധഃപതനത്തിന് അദ്ദേഹം കാരണമാകുന്നുവെന്നും സുധാകരൻ പറഞ്ഞു.
അതുപോലെ സ്വന്തം ജില്ലയായ കണ്ണൂരിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലേയെന്നും സുധാകരൻ പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാത്ത ഗോവിന്ദൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതിൽ മറ്റ് രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. താൻ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. പാർട്ടിയിൽ നിന്ന് രാജിവെച്ചതല്ല. പാർട്ടി ഭരണഘടനയിൽ തന്നെ ഒരു മെമ്പർക്ക് മെമ്പർഷിപ്പ് ഉപേക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെക്കുന്നതെങ്കിൽ അത് പാർട്ടി അംഗീകരിക്കില്ല. പുറത്താക്കുകയുമാണ് ചെയ്യുക. എന്നാൽ താൻ സ്വയം മാറി നിന്നതാണ്. മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന കാര്യം താൻ ബ്രാഞ്ചിൽ പോയി പറഞ്ഞു. അവർ അത് അംഗീകരിച്ചു. മെമ്പർഷിപ്പ് പുതുക്കാതിരുന്ന തന്നെ വർഗവഞ്ചകൻ എന്ന് വിളിക്കുന്നത് തെറ്റാണ്. താൻ ഇപ്പോൾ സ്വതന്ത്രനാണെന്നും എൽഡിഎഫിലോ യുഡിഎഫിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ താൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പിണറായി വിജയൻ കേരളത്തിലെ പവർഫുൾ ആയ രാഷ്ട്രീയ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരുത്തിന് ഇപ്പോഴും കുറവൊന്നുമില്ലെന്നും ജി. സുധാകരൻ പറഞ്ഞു. മുൻപ് പിണറായി വിജയനെ സംരക്ഷിക്കാൻ താനും ശ്രീമതി ടീച്ചറും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ള ഒരു നിര തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ആരുമില്ലെന്നും, പകരം കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ കുടുംബത്തെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അക്കാര്യത്തിൽ മാധ്യമങ്ങളിൽ വന്നത് കള്ള റിപ്പോർട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ നിലവിലെ നിലപാടുകളിൽ ബോധ്യമില്ലാത്തതിനാൽ രാഷ്ട്രീയമായി വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും തനിക്ക് നല്ല ഓർമ്മകളുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

















































