ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരല്ലാത്തവർ പങ്കെടുത്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്തായ വിഷ്ണു റെഡ്ഡിയും കാബിനറ്റ് യോഗത്തിൽ പങ്കെടുത്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽ കണ്ട് പരാതി കൈമാറി. കാബിനറ്റ് യോഗത്തിൽ അനധികൃതരുടെ പങ്കാളിത്തം സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ആരോപിച്ച ബിജെപി, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ നിവേദനം രാജ്ഭവൻ പുറത്തുവിട്ടിട്ടുണ്ട്.
ജോൺ ആരോഗ്യസാമിക്കും വിഷ്ണു റെഡ്ഡിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേംബർ അനുവദിച്ചിട്ടുണ്ടെന്നും ഇരുവരെയും കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
വിഷയത്തിൽ ഡിഎംകെയും ഗവർണറെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിജയ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന പരാതി ഗവർണർക്ക് നൽകുമെന്ന് ഡിഎംകെ അറിയിച്ചു.


















































