ലണ്ടൻ: ഭാര്യമാരെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പരപുരുഷന്‍മാര്‍ക്ക് ലൈംഗിക വേഴ്ചയ്ക്ക് വിട്ടുനല്‍കുകയും അതിന്റെ ദൃശ്യങ്ങൾ ഓൺലൈൻ സൈറ്റുകൾക്കും മറ്റും വിൽക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംഘം എൻക്രിപ്റ്റഡ് ഓൺലൈൻ ചാറ്റ് ഗ്രൂപ്പുകളിലൂടെയാണ് രഹസ്യമായി പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏഴ് രാജ്യങ്ങളിൽ ഒരേസമയം നടത്തിയ വ്യാപക പരിശോധനകൾക്കൊടുവിലാണ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപോളും ബ്രിട്ടന്റെ നാഷണൽ ക്രൈം ഏജൻസിയും (NCA) സംയുക്തമായാണ് അന്വേഷണം നടത്തിയത്.
സ്ത്രീകളെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് അതിക്രമങ്ങൾ നടന്നിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സ്വന്തം ഭാര്യമാരെയോ പങ്കാളികളെയോ ഇരകളാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന രീതി. ചില കേസുകളിൽ ഭർത്താക്കന്മാർ തന്നെ മയക്കത്തിലായ ഭാര്യമാരെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിറ്റിരുന്നു. മറ്റുചില സംഭവങ്ങളിൽ, മയക്കത്തിലായ സ്ത്രീകളെ മറ്റ് പുരുഷന്മാർക്ക് ലൈംഗികാതിക്രമത്തിനായി വിട്ടുനൽകുകയും ആ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
അതിക്രമങ്ങൾ ആസൂത്രണം ചെയ്യാനും മയക്കുമരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും പീഡനദൃശ്യങ്ങൾ പരസ്പരം പങ്കുവെക്കാനും പ്രതികൾ പ്രത്യേക ഓൺലൈൻ ചാറ്റ് ഗ്രൂപ്പുകളാണ് ഉപയോഗിച്ചിരുന്നത്. ചിലർ ഇത്തരം ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ തൽസമയം പ്രക്ഷേപണം ചെയ്തതായും അന്വേഷണ ഏജൻസികൾ പറയുന്നു. സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളിലൂടെയും ഈ വീഡിയോകൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.
മിക്ക കേസുകളിലും ഇരകൾ അബോധാവസ്ഥയിലായിരുന്നതിനാൽ തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പോലും അറിയാതെ ജീവിച്ചവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പോലീസ് പിന്നീട് ബന്ധപ്പെട്ടപ്പോഴാണ് പലരും തങ്ങൾക്കുനേരെ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയുന്നതെന്നും അധികൃതർ വ്യക്തമാക്കി.

















































