കൊച്ചി: നടിയുടെ പരാതിയിൽ എടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീർപ്പായെന്ന് നടി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കോടതി നടിയുടെ നിലപാട് തേടിയിരുന്നു. ഇതിനിടെ നടിയോട് പരസ്യമായി ഖേദം പ്രകടിപ്പിച്ച ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി സത്യവാങ്മൂലം നൽകി. പ്രശ്നം പരസ്പര ധാരണയിലൂടെ പരിഹരിച്ചതായും അവർ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ചാണ് വിചാരണക്കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസ് പൂർണമായും റദ്ദാക്കണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും.
ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിച്ചെന്നും തുടർന്ന് സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിടേണ്ടിവന്നെന്നുമാണ് നടിയുടെ പരാതി. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ നടിയോട് ക്ഷമാപണം നടത്തിയ ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും വ്യക്തമാക്കിയിരുന്നു.


















































