കൊച്ചി: പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന പ്രഖ്യാപനം ശ്വേതാ മേനോന്‍ പാലിക്കണമെന്ന് നടി ഉഷ ഹസീന. ദയവുചെയ്ത് ഇനിയും വുമണ്‍ കാര്‍ഡ് എന്ന് പറഞ്ഞ് തുടരാന്‍ നില്‍ക്കരുത്. ഒരു പാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമണ്‍ കാര്‍ഡ് പറയാന്‍ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാനാണ് ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വന്ന് സത്യാഗ്രഹ സമരം ചെയ്യും -ഉഷ ഹസീന പറഞ്ഞു. ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുമെന്ന സൂചനകള്‍ ശ്വേത നല്‍കിയ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ഉഷ ഹസീനയുടെ വാക്കുകള്‍: ‘ശരിയായ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കാന്‍ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ജനറല്‍ബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്.
രണ്ടുപ്രാവശ്യം ജനറല്‍ബോഡിയില്‍ ഈ ഭരണസമിതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കുക എന്നു പറഞ്ഞപ്പോള്‍ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവര്‍ കൈ പൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭൂരിപക്ഷം ആള്‍ക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം. തുടര്‍ന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവെക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ ജനറല്‍ ബോഡിക്ക് മുമ്പാകെ അത് തിരുത്താന്‍ നില്‍ക്കാതെ അടുത്ത നിമിഷം ഞാന്‍ അമ്മയില്‍ നിന്നുള്ള പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടെ രാജിവയ്ക്കുകയാണ് ഇനി കോടതിയില്‍ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.
ജനറല്‍ബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന് മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറല്‍ ബോഡിയാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎല്‍എ പിഷാരടിയേയും തിരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്താ ചെയ്യുക. ലാലേട്ടന്‍ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതി മുഴുവന്‍ ജനറല്‍ ബോഡിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടി നില്‍ക്കുകയായിരുന്നു. ദയവുചെയ്ത് ഇനിയും വുമണ്‍ കാര്‍ഡ് എന്ന് പറഞ്ഞ് തുടരാന്‍ നില്‍ക്കരുത്. ഒരു പാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമണ്‍ കാര്‍ഡ് പറയാന്‍ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചുതൂങ്ങാന്‍ ആണ് ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും. 10 മാസം കൊണ്ടുതന്നെ ഞങ്ങള്‍ ഇത്രയും നാണംകെട്ടു. അത്രയ്ക്ക് നാറിയ കഥകള്‍ ആണ് ആ ഓഫീസില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ. ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യം… അതു തകര്‍ക്കാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കില്ല’.


















































