ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി ആയിരക്കണക്കിന് കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 30.91 ലക്ഷം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപയാണ് ഇപ്പോഴും ക്ലെയിം ചെയ്യപ്പെടാതെ തുടരുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിലും അവയിലെ തുകയിലും നേരിയ കുറവുണ്ട്. 2025 മാർച്ച് 31-ന് 31.83 ലക്ഷം ആയിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകൾ 2026 മാർച്ചോടെ ഏകദേശം 92,000 എണ്ണം കുറഞ്ഞ് 30.91 ലക്ഷമായി. ഇതേ കാലയളവിൽ ക്ലെയിം ചെയ്യപ്പെടാതെ കിടന്ന തുക 10,181 കോടി രൂപയിൽ നിന്ന് 851 കോടി രൂപ കുറഞ്ഞ് 9,330 കോടി രൂപയായി.
കഴിഞ്ഞ അഞ്ച് വർഷത്തെ വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും, 2025-ലെയും 2026-ലെയും കണക്കുകൾ മാത്രമാണ് ഇപിഎഫ്‌ഒ കൈമാറിയത്. ഇൻഓപ്പറേറ്റീവ് അക്കൗണ്ട് സെൽ അടുത്തിടെയാണ് രൂപീകരിച്ചതിനാൽ പഴയ വിവരങ്ങൾ ലഭ്യമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങൾ നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപിഎഫ്‌ഒ പുറത്തുവിട്ടിട്ടില്ല. അഞ്ച് ലക്ഷം രൂപയ്ക്കുമുകളിൽ ബാലൻസുള്ള നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, വരിക്കാർക്കായി പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ ഇപിഎഫ് സ്കീം 2026 നടപ്പാക്കിയിട്ടുണ്ട്. 1952-ലെ പഴയ ചട്ടങ്ങൾക്ക് പകരമായി ജൂൺ 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പദ്ധതി, രാജ്യത്തെ എട്ട് കോടിയോളം സജീവ ഇപിഎഫ് അംഗങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതവും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്.

















































