ബെംഗളൂരു: മൈസൂരുവിൽ ഉറങ്ങാൻ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് നടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. മൈസൂരുവിലെ കുവെമ്പുനഗറിലെ ഹഡ്കോ ലേയൗട്ടിൽ താമസിച്ചിരുന്ന, കാർ ഷോറൂം ജീവനക്കാരനായ നിത്യാനന്ദ (50) ആണ് കൊല്ലപ്പെട്ടത്.
സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ മരിച്ചയാളുടെ സഹോദരൻ കഴുത്തിലെ മുറിവുകൾ ശ്രദ്ധിച്ചതോടെയാണ് കേസിന്റെ യഥാർത്ഥ രൂപം പുറത്തായത്. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഇയാളുടെ ഭാര്യ സുഷീലയാണ് അറസ്റ്റിലായത്. സ്വത്ത്-സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നടന്നുവരികയായിരുന്നു എന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിത്യാനന്ദ ഉറങ്ങാൻ പോയതിനു ശേഷം, ഉറക്കത്തിനിടെ സുഷീല കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെ അടുത്ത സുഹൃത്തായ ദർശൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതിരുന്നതോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ നിത്യാനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിത്. ഇതിനു പിന്നാലെ സുഷീല, ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഭർത്താവിന്റെ സഹോദരനോട് അറിയിച്ചു.
തുടർന്നു സംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കായി എത്തിയ സഹോദരൻ നിത്യാനന്ദയുടെ കഴുത്തിൽ മുറിവുകൾ ശ്രദ്ധിച്ചതോടെ സംശയം തോന്നി. തുടർന്ന് സംസ്കാര ചടങ്ങുകൾ നിർത്തിവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസിനോട് സുഷീല കുറ്റം സമ്മതിച്ചു. ദീർഘകാലമായി തുടരുന്ന കുടുംബ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കൂടുതൽ അന്വേഷണം തുടരുകയാണ്.















































