തിരുവനന്തപുരം പോത്തൻകോട്ട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി. ആറ്റിങ്ങൽ കോടതിയാണ് പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തത്. തന്നെ മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് കേസെടുത്തത്. പിന്നീട് കാര്യം മനസിലായപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ
തിങ്കളാഴ്ച വൈകുന്നേരമാണ് പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ സംഭവം നടക്കുന്നത്. അയൽവാസിയായ 40 കാരൻ തന്റെ 13 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട പിതാവ് അടുത്തുകിടന്ന തടിക്കഷ്ണമെടുത്ത് 40 കാരനെ അടിക്കുകയായിരുന്നു. അടിയിൽ കാലിനു പൊട്ടലുപറ്റിയ അയൽവാസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് കാര്യത്തിൽ വ്യക്തത വരുത്താതെ പോലീസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന അയൽവാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പിതാവിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് ഇയാളെ അക്രമിക്കാനുള്ള കാരണം പെൺകുട്ടിയെ അക്രമിച്ചതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതേസമയം പിതാവ് അപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
















































