കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ അദ്ദേഹത്തിനെതിരെയുള്ള കേസുകളുടെ അടിസ്ഥാനത്തിൽ പുരസ്കാരത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ നിലനിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശനെതിരായ കേസുകളിലൊന്നിലും ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവിയിൽ നിയമപരമായ നടപടികളിലൂടെ വെള്ളാപ്പള്ളി കുറ്റക്കാരനാണെന്ന് തെളിയുകയോ, പുരസ്കാരം പിൻവലിക്കേണ്ട സാഹചര്യം രൂപപ്പെടുകയോ ചെയ്താൽ, പത്മ പുരസ്കാരം റദ്ദാക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങൾ നിലവിൽ ഇല്ലാത്തതിനാൽ പുരസ്കാരം റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

















































