കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. നടിയെ ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിൽ കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ നിർദേശപ്രകാരമാണ് ആദ്യം കേസെടുക്കാൻ മടിച്ച പോലീസ് ഒടുവിൽ നടപടിയെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കഴമ്പില്ലെന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
തുടർന്ന് ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കകത്തെ പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ബുധനാഴ്ച പ്രതികരിച്ചു.
അതേസമയം നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ട്.
നടൻ അൻസിബയ്‌ക്കെതിരെ ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം പോലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.
മാത്രമല്ല ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് അൻസിബയുടെ പരാതിയിലുള്ളത്. എന്നാൽ ടിനി ടോമിനെതിരായ ഈ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണിപ്പോൾ ടിനിക്കെതിരെ പോലീസ് കേസെടുത്തത്.
അതേസമയം ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതോടെ അൻസിബ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.

















































