ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാൽവിയ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ‘ഫ്ലോറിഷ് സ്റ്റേ’ ബെഡ് ആൻഡ് ബ്രേക്ക്‌ഫാസ്റ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ ആകെ 21 പേർ മരണപ്പെട്ടു. ഗുരുഗ്രാമിലെ സെക്ടർ 46 സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് അഗർവാൾ തന്റെ പിതാവിനെ കാണാനായി ഡൽഹിയിലേക്ക് എത്തിയതായിരുന്നു. മാക്സ്ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ എത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ തർജനി അഗർവാൾ, മക്കളായ ജീവിഷ, വാർയ എന്നിവരും നാല് ബന്ധുക്കളും ഉണ്ടായിരുന്നു. ഇവർ ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു.
തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ഹോട്ടലിലെ റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് വിവരം. തീ അതിവേഗത്തിൽ പടർന്നതോടെ രക്ഷപ്പെടാൻ സാധിക്കാതെ ഇവർ ഉൾപ്പെടെ എട്ട് പേർ മരണപ്പെട്ടു. വിവേകിന്റെ 80 വയസുള്ള പിതാവായ രാധേ ശ്യാം അഗർവാളാണ് അടുത്ത ബന്ധുക്കളിൽ ജീവനോടെ ശേഷിച്ച ഏക വ്യക്തി.
മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനകൾക്ക് ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. ഗുരുഗ്രാമിലെ കുടുംബവീട് ശൂന്യമായി കിടക്കുന്നതായും പ്രദേശമൊട്ടാകെ ദുഃഖാന്തരീക്ഷമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ രാവിലെ ഏകദേശം 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് നില കെട്ടിടത്തിലുടനീളം തീ അതിവേഗത്തിൽ പടർന്ന് പിടിച്ചു. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ ഏകദേശം 40ഓളം അതിഥികൾ ഉണ്ടായിരുന്നുവെന്നും പലരും ഉറക്കത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 12 വിദേശികൾ ഉൾപ്പെടെ 21 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഡൽഹി പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം കെട്ടിടത്തിൽ ഒരു എൻട്രൻസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ജനലുകൾ സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാന വാതിൽ സെൻസർ സംവിധാനത്തിലായിരുന്നതിനാൽ തീപിടിത്തം വ്യാപിച്ചതോടെ ആളുകൾക്ക് രക്ഷപ്പെടാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്‌ഫാസ്റ്റ് പദ്ധതിയുടെ കീഴിൽ ലൈസൻസ് ലഭിച്ച ഈ സ്ഥാപനത്തിന് പരമാവധി ആറു മുറികൾ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. എന്നാൽ സംഭവസമയത്ത് ‘ഫ്ലോറിഷ് സ്റ്റേ’യിൽ ബേസ്മെന്റ് ഉൾപ്പെടെ 25 മുറികൾ പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമലംഘനങ്ങളാണോ ഈ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന കാര്യത്തിൽ അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.


















































