തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നടന്ന ബന്ധു നിയമനത്തിൽ വിമർശനവുമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രസനാധിപൻ മാർ ഗീവർഗീസ് കൂറിലോസ്. തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജന പക്ഷപാതമാവും തികച്ചും പ്രതിഷേധാർഹമാണെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു.
മാറ്റത്തിന് വോട്ടുചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികൾ. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നെന്നും ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിലാണ് ബന്ധു നിയമനം നടന്നത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. ഇതിനിടെ ബെന്നി തോമസിന് പിന്തുണയുമായി ധർമടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവാണ് ബെന്നി തോമസെന്നും ബന്ധുവാകുന്നതിനുമുൻപേ പാർട്ടിയുടെ മുന്നണി നേതാവായിരുന്നുവെന്നും അബ്ദുൾ റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.

















































