ടെഹ്റാൻ: ഇറാനെതിരെ സൈനിക നടപടി തുടരുകയാണെങ്കിൽ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. രാജ്യത്ത് കരയാക്രമണം നടത്താൻ ശ്രമിച്ചാൽ എല്ലാ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും, പശ്ചിമേഷ്യയിലെ എണ്ണക്കച്ചവടത്തെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാനെ വീണ്ടും ആക്രമിച്ചാൽ മേഖലയിൽ ആരും സുരക്ഷിതമായി എണ്ണ കയറ്റുമതി നടത്താനോ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാനോ കഴിയില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. “കണ്ണിന് കണ്ണ്” എന്ന നിലപാടിലാണ് ഇറാൻ മുന്നോട്ടുപോകുന്നതെന്ന് വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.
ഇതിനിടെ, ഇറാൻ-ഇറാഖ് അതിർത്തിയിലെ ശാലംഷാ യാത്രാ ടെർമിനലിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അർബഈൻ തീർഥാടകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ അവകാശവാദം.
അതേസമയം, കുവൈത്തിലെ മൂന്ന് അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും സംഘർഷം തുടരുന്നതിനിടെ, ബാബ് അൽ മന്ദബ് കടലിടുക്കിൽ സൗദിയുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന രണ്ട് കപ്പലുകൾ ഹൂത്തി വിമതർ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്തെ സംഘർഷം രൂക്ഷമാകുന്നതിനിടെ, സൗദി അറേബ്യയുമായി അമേരിക്ക ഒപ്പുവെച്ച പുതിയ സിവിലിയൻ ആണവ സഹകരണ കരാറും ശ്രദ്ധ നേടുകയാണ്. 30 വർഷത്തേക്കുള്ള കരാർ പ്രകാരം സൗദിയുടെ ആണവോർജ പദ്ധതിയിൽ അമേരിക്കൻ കമ്പനികൾ പങ്കാളികളാകും. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കരാറിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ.
ആണവ നിർവ്യാപന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കാൻ അമേരിക്കയും സഖ്യരാജ്യങ്ങളും നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് സൗദിയുടെ ആണവ പദ്ധതി പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്.


















































