തൃശ്ശൂർ: മടവാക്കരയിൽ വയോധികനായ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി കൈമാറിയിട്ടും മകൻ ജീവനാംശം നൽകാത്തതിനെ തുടർന്ന് കൃഷ്ണൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മറ്റൊരു മകന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു കൃഷ്ണന്റെ താമസം. കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


















































