കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സുവേന്ദു അധികാരി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതുറക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മദ്രസകളിലും പ്രഭാത അസംബ്ലിയിൽ ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് വിവാദമാകുന്നത്. ബംഗാൾ സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ ആശങ്കയുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎല്‍ബി) രംഗത്തെത്തിയിട്ടുണ്ട്. ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നും അല്ലെങ്കിൽ കുറഞ്ഞപക്ഷം മുസ്‌ലിം വിദ്യാർത്ഥികൾക്കെങ്കിലും ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
തങ്ങളുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഒരു ഗാനമോ വരികളോ ചൊല്ലാൻ ഏതെങ്കിലും വിദ്യാർത്ഥിയെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പേഴ്സണൽ ലോ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും ദേശീയ ഗാനം ആലപിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ നിങ്ങൾ വന്ദേമാതരവും ജനഗണമനയും ചൊല്ലണം, ജനുവരി 26നെയും ആഗസ്റ്റ് 15നെയും ആദരിക്കണം. എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയിട്ടുണ്ട്. ഇതാണ് ഇന്ത്യൻ സംസ്കാരം, ഇതാണ് സനാതന സംസ്കാരം. ഇന്ത്യ ഹിന്ദുസ്ഥാനും ഇന്ത്യയുമായാണ് അറിയപ്പെടുന്നത്. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല”- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

















































