തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ തുടർന്ന് പാർട്ടിയും എൽഡിഎഫും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ കടുത്ത നടപടികളുമായാണ് മുന്നോട്ടുവന്നതെങ്കിലും എല്ലാ ഘട്ടങ്ങളിലുമെന്നപോലെ ഇത്തവണയും പാർട്ടിയും മുന്നണിയും ഉണർവോടെ ഇടപെട്ട് പിന്തുണ നൽകിയതായി അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ജന്മനാടായ മമ്പറത്ത് എൽഡിഎഫ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പിണറായി പറഞ്ഞു. യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഈ സർക്കാർ അധികാരത്തിലേറുന്ന സമയത്ത്, എ.കെ. ആന്റണി ഓർമ്മിപ്പിച്ചത് നൂറ് സീറ്റ് നേടി അധികാരത്തിലേറിയ അന്നത്തെ കാര്യമാണ്. അന്ന് ആന്റണി നൂറിന്റെ ആവേശത്തിൽ വിളിച്ചു പറഞ്ഞത്, നൂറുവർഷത്തേക്ക് ഇനി എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചു എന്ന് പിന്നീട് നാം കണ്ടതാണ്. അങ്ങനെ പ്രഖ്യാപിച്ച ആന്റണിക്ക് തന്നെ ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല എൽഡിഎഫ് കാണുന്നത്”- പിണറായി വിജയൻ പറഞ്ഞു.
2021 മുതൽ വലതുപക്ഷ രാഷ്ട്രീയശക്തികൾ ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും പിണറായി ആരോപിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം നിലനിർത്താൻ ഇടയ്ക്കിടെ സർക്കാർ മാറണമെന്ന ആശയം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അതിന്റെ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“പത്തുവർഷമായി ഒരേ സർക്കാർ തുടരുകയല്ലേ, ഇനി മാറ്റം വേണമല്ലോ എന്ന ചിന്ത വലിയ തോതിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമം നടന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണമാറ്റത്തിന് ജനങ്ങൾ വിധിയെഴുതിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതോടെ എൽഡിഎഫ് അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും മുന്നണി ശക്തമായി തിരിച്ചുവരുമെന്നും പിണറായി വ്യക്തമാക്കി. എൽഡിഎഫിനോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് യാതൊരു ക്ഷയവും സംഭവിച്ചിട്ടില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
“ചില വിഷയങ്ങളിൽ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ അത് ശാശ്വതമായ ഒന്നല്ല. ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ട്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും എൽഡിഎഫ് ഒപ്പമുണ്ടാകും,” അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും ദീർഘകാലമായി അത്തരം ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു ഘട്ടത്തിലും സിപിഎമ്മോ എൽഡിഎഫോ പിന്നോട്ടുപോയിട്ടില്ലെന്നും ജനങ്ങളുടെ പിന്തുണ വർധിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
“എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും പ്രവർത്തനം കളങ്കരഹിതമാണെന്നതാണ് പാർട്ടിയ്ക്ക് ലഭിക്കുന്ന ജനപിന്തുണയുടെ അടിസ്ഥാനം. ഏത് തരത്തിലുള്ള കടന്നാക്രമണങ്ങളെയും ഒരുമിച്ച് നിന്ന് നേരിടാൻ ഞങ്ങൾക്ക് കഴിയും. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ നടപടികളെ പരാമർശിച്ച അദ്ദേഹം, “വളരെ കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എന്നാൽ എല്ലാ ഘട്ടങ്ങളിലെയും പോലെ ഇത്തവണയും പാർട്ടിയും എൽഡിഎഫും ശക്തമായ പിന്തുണ നൽകി. ആ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. ഒരേ മനസ്സോടെ നമുക്ക് മുന്നോട്ട് പോകാം,” എന്നും കൂട്ടിച്ചേർത്തു.


















































