ബൊമ്മനഹള്ളി: ബെംഗളൂരുവിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത ഹോട്ടൽ പൂട്ടിച്ച് പോലീസ്. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലാണ് പൂട്ടിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ ജീവനക്കാരായ രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷം മുൻപാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ആളുകൾ ആട്ടിറച്ചി ഓർഡർ ചെയ്തു. എന്നാൽ നൽകിയത് ആട്ടിറച്ചിയല്ലെന്ന് ഇവർക്ക് സംശയം തോന്നി. എന്തിന്റെ ഇറച്ചിയാണെന്ന് ജീവനക്കാരോട് ചോദിച്ചെങ്കിലും മറുപടിയിൽ വ്യക്തതയില്ലായിരുന്നു. ഇതോടെ ഇവർ അവലഹള്ളി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ നാട്ടുകാർക്കു വിളമ്പിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തി. പിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷ് എന്നൊരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
















































