ആലപ്പുഴ: സിപിഎം കായംകുളം ഏരിയ കമ്മിറ്റിയിൽ മുൻ എംഎൽഎ യു പ്രതിഭയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കിയെന്നും പാർട്ടി വിരുദ്ധരും പുറത്താക്കിയവരും എന്തിനേറെ സാമൂഹിക വിരുദ്ധർ വരെ ആ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
അതുപോലെ പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തിയെന്നും പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ലെന്നും അംഗങ്ങൾ ആരോപിച്ചു. മാത്രമല്ല പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വെച്ചില്ല. പാർട്ടിയിലെ സജീവ അംഗങ്ങൾ ഫോൺ വിളിച്ചാൽ ഫോൺ എടുക്കില്ലയെന്നും അംഗങ്ങൾ പറയുന്നു.
പ്രതിഭ സ്വന്തം പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും സാമൂഹികവിരുദ്ധർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ അംഗങ്ങൾ ആണെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. എം സ്വരാജ് പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് യു പ്രതിഭക്ക് എതിരെ രൂക്ഷവിമർശനം ഉയർന്നത്. യു പ്രതിഭയും ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിഭക്ക് എതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. കായംകുളത്ത് പാർട്ടി സഖാക്കൾ പണിയെടുക്കുന്നില്ലെന്ന പ്രതിഭയുടെ പ്രതികരണത്തിനെതിരെയാണ് ജില്ലാ സെക്രട്ടറി ആർ നാസർ രംഗത്തെത്തിയത്. സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോൾ എന്തും പറയാമെന്നാണോയെന്നും ആർ നാസർ ചോദിച്ചു.
‘ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവർ തന്നെയല്ലേ എംഎൽഎ. അപ്പോൾ എന്താണ് സംഭവിച്ചത്. ഈഴവ വോട്ടുകൾ സാധാരണഗതിയിൽ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയില്ല എന്ന് പ്രതിഭ പരിശോധിക്കണം. പ്രതിഭ അതേ സമുദായത്തിൽ നിന്നുള്ള ആളാണല്ലോ’, ആർ നാസർ പറഞ്ഞു. തങ്ങൾക്ക് ഒപ്പം നിന്ന ജനങ്ങൾ തന്നെ തങ്ങൾക്കെതിരെ വോട്ട് ചെയ്‌തെന്നും ആർ നാസർ പറഞ്ഞു. പാർട്ടിയുടെ കണക്കുക്കൂട്ടലുകൾ തെറ്റിയെന്നും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നെന്നും ആർ നാസർ കൂട്ടിച്ചേർത്തു. ഉറപ്പുള്ള വോട്ടുകൾ നഷ്ടപ്പെട്ടു. മാറ്റം വരാത്ത വോട്ടുകൾ പോലും മാറി. ഗൗരവമായി പരിശോധിക്കുമെന്നും ആർ നാസർ വ്യക്തമാക്കിയിരുന്നു.



















































