ന്യൂഡൽഹി: ഡൽഹിയിൽ ടെറസിന് മുകളിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡന പരാതിയുമായി കുടുംബം. പടിഞ്ഞാറൻ ഡൽഹിയിലെ ദാസ്ഘര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണ് 25 വയസുള്ള വീണാകുമാരി മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജുവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് വരൻ ആവശ്യപ്പെട്ട ബൈക്കും 32 ഇഞ്ച് എൽഇഡി ടിവിയും ഫർണിച്ചറുകളും നൽകിയിട്ടും ഭർതൃവീട്ടുകാർ വീണാകുമാരിയെ ഉദ്രവിച്ചിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
2022 ഡിസംബറിലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാജുവുമായി വീണയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഇവർ ഡൽഹിയിലേക്ക് മാറിയതോടെയാണ് പീഡനങ്ങൾ തുടങ്ങിയതെന്ന് കുടുംബം പറയുന്നു. ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള ഒരു സാധാരണ കർഷക കുടുംബത്തിലെ ആറ് മക്കളിൽ രണ്ടാമത്തെയാളാണ് വീണ.
വീണക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്ന ക്രൂരമർദനത്തെ കുറിച്ച് സഹോദരൻ പറയുന്നത് ഇങ്ങനെയാണ്.- ‘ ‘ദിദി (ചേച്ചി) വിളിച്ചതനുസരിച്ച് ഞാൻ അവിടെ ചെന്നപ്പോൾ ശരീരം മുഴുവൻ നഖം കൊണ്ടുള്ള പോറലുകളായിരുന്നു. ചേച്ചിയുടെ തല അവർ ചുവരിലിടിപ്പിച്ചു. മർദനത്തിനിടയിൽ ചേച്ചിയുടെ ചെവിയിലെ കർണ്ണപടം തകർന്നുപോയിരുന്നു’ എന്നാണ് സഹോദരൻ രാജ്കുമാർ പറയുന്നത്. പ്രസവ ശേഷവും മർദനം തുടർന്നു. സർക്കാർ ആശുപത്രിയിലാണ് പ്രസവം നടന്നതെങ്കിലും അതിന്റെ ചികിത്സാ ചിലവുകളെച്ചൊല്ലി ഭർതൃവീട്ടുകാർ നിരന്തരം പരിഹസിച്ചിരുന്നുവെന്നും വീണയുടെ വീട്ടുകാർ പറഞ്ഞു.


















































