കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. പത്ത് വർഷത്തോളമായി പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡന്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലി ചെയ്യുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.
പിണറായി വിജയനും കുടുംബവും നിലവിൽ തിരുവനന്തപുരത്താണ് താമസം തുടരുന്നത്. ഇതിനിടെ കണ്ണൂരിലെ വീട് അടച്ചിട്ട നിലയിലായിട്ടും പൊലീസ് കാവൽ തുടരുകയാണ്. വീടിന് മുന്നിൽ സ്ഥിരമായി പൊലീസ് ജീപ്പും ഉദ്യോഗസ്ഥരും നിയോഗിച്ചിരിക്കുകയാണ്.
വെയിലും മഴയും അതിജീവിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി നിർവഹിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിശ്രമിക്കാനോ ശുചിമുറി ഉപയോഗിക്കാനോ ആവശ്യമായ സൗകര്യങ്ങൾ ഇവിടെയില്ലെന്നും ആരോപണമുണ്ട്. സമീപത്തെ ത്രിവേണി സൂപ്പർമാർക്കറ്റിലെ ശൗചാലയമാണ് ഉദ്യോഗസ്ഥർ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നതെന്നും വിവരമുണ്ട്.
മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായ ശേഷവും പഴയ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റമില്ലാത്തതാണ് ചർച്ചയാകുന്നത്. പൊലീസുകാരുടെ ജോലി സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും സംബന്ധിച്ച് ഇതിനകം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.


















































