കോഴിക്കോട്: നാദാപുരത്തെ തോൽവിയിൽ ബിനോയ് വിശ്വത്തിനെതിരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. ബിനോയ് വിശ്വം തന്നിഷ്ടപ്രകാരം സ്ഥാനാർഥിയെ തീരുമാനിച്ചു. സിപിഎം വികാരം ജില്ലാ സെക്രട്ടറി നേരിട്ടറിയിച്ചിട്ടും ബിനോയ് വിശ്വം തള്ളി കളഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം ബിനോയ് വിശ്വവും സത്യൻ മൊകേരിയും ഏറ്റെടുക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവിൽ ആവശ്യമുയര്‍ന്നു.
മണ്ഡല രൂപീകരണത്തിന് ശേഷം 1960-കളിൽ ഉണ്ടായ ഒരൊറ്റ പരാജയമൊഴിച്ചാൽ, സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമല്ലാത്ത തരംഗമുള്ളപ്പോൾ പോലും സിപിഐ സ്ഥിരമായി വിജയിച്ചുവരുന്ന മണ്ഡലമാണ് നാദാപുരം.അങ്ങനെയുള്ള മണ്ഡലത്തിലാണ് ഇത്തവണ കനത്ത തോൽവി നേരിടേണ്ടി വന്നത്. സ്ഥാനാർഥി നിർണയത്തിലുണ്ടായ വലിയ പാളിച്ചയാണ് പരാജയത്തിന് പിന്നിലെന്നാണ് ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി.
ഈ മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിയെ നിർത്തരുതെന്ന് സിപിഎം നേതൃത്വം കൃത്യമായി ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ട് ഇക്കാര്യത്തിലുള്ള തങ്ങളുടെ വികാരം അറിയിച്ചിരുന്നതുമാണ്. എന്നാൽ സിപിഎമ്മിന്റെ ഈ മുന്നറിയിപ്പുകളെ മുഖവിലയ്ക്കെടുക്കാനോ മുന്നണിയിലെ പൊതുവികാരം കണക്കിലെടുക്കാനോ ബിനോയ് വിശ്വം തയ്യാറായില്ല. മറിച്ച് ഒരു സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പാലക്കാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടിവിലും വിമർശനമുണ്ടായി. ആശാസമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദം ഉണ്ടാക്കി. തെരഞ്ഞടുപ്പിലെ തിരിച്ചടിക്ക് കാരണം ബിനോയ് വിശ്വത്തിന്റെ നിലപാടെന്നും യോഗം കുറ്റപ്പെടുത്തി.


















































