തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി മുതൽ കുറഞ്ഞത് നാല് വർഷത്തെ സർവീസ് നിർബന്ധമാക്കി സർക്കാർ. മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ നൽകൂ എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. നിലവിൽ രണ്ട് വർഷം സർവീസുണ്ടെങ്കിൽ തന്നെ പെൻഷന് അർഹത ലഭിച്ചിരുന്നു. രണ്ട് വർഷത്തിൽ കൂടുതലായി ജോലി ചെയ്താൽ അത് മൂന്ന് വർഷമായി കണക്കാക്കി പെൻഷൻ അനുവദിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു.
രണ്ട് വർഷം പൂർത്തിയാകുമ്പോൾ നിലവിലെ സ്റ്റാഫിനെ ഒഴിവാക്കി പുതുതായി ആളുകളെ നിയമിച്ച് ഇരുവർക്കും പെൻഷൻ ഉറപ്പാക്കുന്ന പ്രവണതയും ഇതോടെ അവസാനിക്കും. ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്ക് നൽകിയതായാണ് വിവരം.
പുതിയ നിബന്ധനയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടാകില്ല. നിലവിൽ നാല് വർഷത്തിൽ താഴെ സർവീസ് ഉണ്ടായിട്ടും പെൻഷൻ ലഭിക്കുന്നവർക്ക് ആ ആനുകൂല്യം തുടർന്നും ലഭിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്ന സംവിധാനം കേരളത്തിൽ മാത്രമാണുള്ളത്. സുപ്രീംകോടതിയും സി.എ.ജി.യും നേരത്തെ തന്നെ ഈ രീതിയെ വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷനും കുറഞ്ഞത് നാല് വർഷത്തെ സർവീസ് നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും മുൻ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല.
കേന്ദ്ര സർക്കാരിൽ കാബിനറ്റ് മന്ത്രിമാർക്ക് പരമാവധി 15 പേരെ മാത്രമേ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാനാകൂ. തമിഴ്‌നാട്ടിൽ ഒരു വ്യക്തിയെ മാത്രമേ മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനാകൂ; ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ വരെ നിയമിക്കാം. കേരളത്തിൽ ആകെ 25 പേർ വരെ പേഴ്‌സണൽ സ്റ്റാഫാകാനാകുന്നുവെന്നും അതിൽ 17 പേരെ മന്ത്രിമാർക്ക് സ്വന്തം തീരുമാനപ്രകാരം നിയമിക്കാനാകുന്നുവെന്നും ശ്രദ്ധേയമാണ്.
നിലവിൽ കുറഞ്ഞത് 4750 രൂപയാണ് മിനിമം പെൻഷൻ. വിവിധ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലായി ഏകദേശം 400ഓളം പേർ രാഷ്ട്രീയ നിയമനങ്ങളിലൂടെ എത്തുന്നുണ്ടെന്നാണ് കണക്ക്. ചെറുപ്പത്തിൽ തന്നെ സ്റ്റാഫ് അംഗങ്ങളായി നിയമിതരായി ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന സാഹചര്യം പൊതുസമൂഹത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
1994-ലാണ് കെ. കരുണാകരൻ സർക്കാർ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്തിയത്. 1982 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു ആ തീരുമാനം നടപ്പിലാക്കിയത്.



















































