ആലപ്പുഴ: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിയണമെന്ന് മുൻ മന്ത്രി തോമസ് ഐസകിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദന്റെ പോസ്റ്റ്. സഖാവ് പിണറായി വിജയൻ വിശ്രമിക്കണമെന്നാണ് ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെടുന്നത്.
‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’ എന്ന് ഗോപകുമാർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പിണറായി വിജയൻ സർക്കാരിൽ അഡീഷണൽ സെക്രട്ടറിയുമായിരുന്നു ഗോപകുമാർ മുകുന്ദൻ. മാത്രമല്ല സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗവുമാണ് അദ്ദേഹം.
ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ-
‘ഇന്ന് സഖാവ് പിണറായി വിജയൻ ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു. ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി. അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയൻ വിശ്രമിക്കുകയല്ലേ വേണ്ടത്. നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ. വിശ്രമിക്കൂ പ്രിയ സഖാവേ’-
അതേസമയം പിണറായിയുടെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നൽകുമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലടക്കം വിമർശനമുയർന്നിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നൽകുമെന്നും നേതൃത്വം തിരുത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
മാത്രമല്ല പ്രധാനപ്പെട്ട നേതാക്കൾ ആവശ്യം കഴിഞ്ഞാൽ ജനങ്ങളെ മറക്കുകയാണെന്നും എല്ലാവരും ആഢംബരത്തിൽ അഭിരമിക്കുന്നവരാണെന്നും വിമർശനമുണ്ടായി. പാർട്ടിയുടെ രീതിയും ശൈലിയും നഷ്ടമായി. നേതാവ് എന്താണെന്ന് പൊതുജനത്തെ കാണിക്കാൻ ഒരാളില്ല. എല്ലാവർക്കും അവരവരുടെ കാര്യം മാത്രമാണുള്ളത്. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങളുമായി അടുപ്പമില്ലാത്തവരെ അവരും അടുപ്പിക്കില്ല. തെരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണമാണ്’ എന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
സഹോദരൻ ടിവി റിമോട്ട് കൊടുത്തില്ല, വഴക്കിട്ട 12 കാരൻ വീടിന്റെ തട്ടിൻപുറത്ത് കയറി ജീവനൊടുക്കി















































