കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന വർഗ്ഗീയ ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും ചേർന്ന് മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ ബി.ജെ.പിക്ക് ശക്തിപ്പെടാൻ കഴിയൂ എന്ന് സംഘപരിവാറിന് കൃത്യമായി അറിയാമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ സംസ്ഥാനത്തുടനീളം ആസൂത്രിതമായ ‘സ്ട്രേറ്റജിക് വോട്ടിങ്’ (തന്ത്രപരമായ വോട്ട് മറിക്കൽ) നടന്നതായും അദ്ദേഹം ആരോപിച്ചു.
ഇടതുപക്ഷം ശക്തമായി നിൽക്കുന്നിടങ്ങളിൽ യു.ഡി.എഫിനെ വിജയിപ്പിക്കാനും, യു.ഡി.എഫ് തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർക്ക് ‘താമരത്താങ്ങ്’ നൽകാനും ബി.ജെ.പി തയ്യാറായി. കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലം ഇതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച പതിനായിരത്തോളം വോട്ടുകൾ ഇത്തവണ അപ്രത്യക്ഷമാവുകയും അത് നേരെ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പോക്കറ്റിലേക്ക് പോവുകയുമാണുണ്ടായത്. പേരാവൂരിലും പയ്യന്നൂരിലും ‘താമരത്താങ്ങ്’ നൽകിയപ്പോൾ നേമത്ത് കോൺഗ്രസ് തിരിച്ച് ‘കൈത്താങ്ങ്’ നൽകി ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


















































