കൊല്ലൂർ (കർണാടക)∙ കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. പാലാ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (33) എന്നിവരാണ് മരിച്ചത്. പാലായിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനുപോയ സംഘത്തിലെ അംഗങ്ങളാണ് ഇവർ. ജ്യോതിയുടെ മാതാവ് പാലാ പോണാട് പൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), മകൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്ക് പരുക്കേറ്റു.
കുന്ദപുരയ്ക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽ എതിരെനിന്ന് തെറ്റായ ദിശയിലെത്തിയ ലോറി ഇടിച്ചാണ് അപകടം. ലോറിയിടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു.
ബിജു ആണ് ജ്യോതിയുടെ ഭർത്താവ്. മക്കൾ: ലക്ഷ്മിപ്രിയ (നഴ്സ്, ആന്ധ്ര), ദേവപ്രിയ (നഴ്സിങ് വിദ്യാർഥി ചങ്ങനാശേരി), അവന്തിക (വിദ്യാർഥി, പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്എസ്എസ്). ആര്യയുടെ ഭർത്താവ് അനൂപ് (ഓട്ടോ ഡ്രൈവർ). മറ്റൊരു മകൾ: അവനി (ഒന്ന്). പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ കരയോഗങ്ങളിൽ നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്രദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളം പേർ രാവിലെ 5. ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

















































