ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായ് ബഗീരഥിനെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി എംപിയുമായ ബണ്ടി സഞ്ജയ് കുമാറിന്റെ മകനാണ് ബഗീരഥ്.
അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ബഗീരഥ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ശനിയാഴ്ച ഹർജി തള്ളുകയായിരുന്നു. തുടർന്ന് ബഗീരഥ് പോലീസിന് മുന്നിൽ കീഴടങ്ങി.
സൈബരാബാദ് പോലീസ് കമ്മിഷണർ രമേഷ് റെഡ്ഡിയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. തുടർന്ന് ബഗീരഥിനെ പേട്ട് ബഷീറാബാദ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് മേയ് 8-നാണ് 25 കാരനായ ബഗീരഥിനെതിരെ പോക്‌സോ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
അതേസമയം, മകന്റെ അറസ്റ്റിനെ തുടർന്ന് ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചു. താൻ നിയമത്തെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്നുവെന്നും, പദവിയോ ബന്ധമോ നോക്കാതെ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ പിന്നീട് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ബഗീരഥ് അറസ്റ്റിലായതല്ല, ചോദ്യംചെയ്യലിന് സ്വമേധയാ ഹാജരായതാണെന്ന് സഞ്ജയ് അവകാശപ്പെട്ടു. രണ്ട് അഭിഭാഷകരോടൊപ്പമാണ് ബഗീരഥ് പോലീസ് സ്റ്റേഷനിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































