ബെയ്ജിങ്: ചൈനാ സന്ദർശനത്തിന് പിന്നാലെ വെറുംകയ്യോടെ അമേരിക്കയിലേക്ക് മടങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും. ചൈനാ സന്ദർശന വേളയിൽ ലഭിച്ച സുവനീറുകളോ സമ്മാനങ്ങളോ ഒന്നും വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും അടങ്ങിയ സംഘം അമേരിക്കയിലേക്ക് കൊണ്ടുപോയില്ല. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെല്ലാം മടക്കയാത്രയ്‌ക്കൊരുക്കിയിരുന്ന എയർഫോഴ്‌സ് വൺ എയർക്രാഫ്റ്റിന് സമീപത്തെ മാലിന്യക്കുട്ടയിൽ നിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്.
അതേസമയം ഇത്തരത്തിൽ ചൈനീസ് സമ്മാനങ്ങൾ ഉപേക്ഷിച്ചുള്ള അമേരിക്കൻ സംഘത്തിന്റെ മടക്കത്തിൽ അദ്ഭുതങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം. കാരണം, ചൈനീസ് സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ അവിടെനിന്ന് ലഭിച്ചയെല്ലാം ഉപേക്ഷിച്ചു മടങ്ങുക എന്നത് കാലങ്ങളായി അമേരിക്ക പിന്തുടർന്നുവരുന്ന രീതിയാണ്. എന്നാൽ, ഇക്കുറി അത് പരസ്യമായി ചെയ്തെന്നുമാത്രം.
എന്നാൽ ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്നാണ് ലേപ്പൽ ബാഡ്ജ്, ബർണർ ഫോണുകൾ, ക്ഷണപത്രങ്ങൾ ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ച് യുഎസ് സംഘം മടങ്ങിയത്. മടക്കയാത്രയിൽ ചൈനീസ് നിർമിതമായ ഒന്നും വിമാനത്തിനുള്ളിൽ അനുവദിക്കില്ലെന്ന് സംഘത്തിലുള്ളവർക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. വൈറ്റ്ഹൗസ് സുരക്ഷാ വിഭാഗവും സീക്രട്ട് സർവീസും ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം വ്യാപാരം, റെയർ എർത്ത് മൂലകങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിർണായക കരാറുകളിൽ എത്തിച്ചേരാമെന്ന പ്രതീക്ഷയോടെയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സംഘത്തിന്റെയും ദ്വിദിന ചൈനാസന്ദർശനം. എന്നാൽ, യുഎസിൽനിന്ന് സോയാബീനും ബോയിങ് എയർക്രാഫ്റ്റുകളും വാങ്ങാൻ ചൈന തയ്യാറായതല്ലാതെ മറ്റ് പ്രധാന കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ല.

















































