കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ വിജയം നഷ്ടമായ കൊട്ടാരക്കരയിൽ പരാജയകാരണങ്ങൾ പരിശോധിച്ച് കോൺഗ്രസ് നടപടി ശക്തമാക്കി. പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരിക്കുകയും പ്രചാരണത്തിൽ ആവശ്യമായ ആത്മാർത്ഥത കാണിക്കാതിരിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നെടുവത്തൂർ, എഴുകോൺ മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടത്.
ഡി.സി.സി. ജനറൽ സെക്രട്ടറി ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടൊപ്പം, പ്രചാരണത്തിൽ സജീവമല്ലാതിരുന്ന നേതാക്കളെ വിളിച്ചുവരുത്തി വിശദീകരണം തേടാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ 1012 വോട്ടിനാണ് വിജയിച്ചത്.
എഴുകോണിൽ 760 വോട്ടിനും നെടുവത്തൂരിൽ 610 വോട്ടിനും യു.ഡി.എഫ്. സ്ഥാനാർഥി പിന്നിലായി. നെടുവത്തൂരിൽ ആയിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു മണ്ഡലം കമ്മിറ്റി നേതൃത്വത്തിന്റെ വിലയിരുത്തൽ. എഴുകോണിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ കനകദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രചാരണത്തിൽ വേണ്ടത്ര സജീവമായില്ലെന്നാണ് ഡി.സി.സി.യുടെ കണ്ടെത്തൽ.
ഉമ്മന്നൂരിൽ ബ്രിജേഷ് എബ്രഹാം സ്ഥാനാർഥിയുടെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫ്. സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ആരോപണം. 2500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ ലീഡ് 1869 വോട്ടിൽ ഒതുങ്ങുകയും കിഴക്കൻ മേഖലയിൽ വോട്ട് കുറയുകയും ചെയ്തു.
പ്രചാരണത്തിൽനിന്ന് ബ്രിജേഷ് എബ്രഹാം മാറിനിൽക്കുന്നുവെന്ന പ്രതീതി ഉണ്ടായെന്നും നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രചാരണത്തിൽ വലിയ വീഴ്ച വരുത്തിയെന്നുമാണ് ഡി.സി.സി.യുടെ വിലയിരുത്തൽ. പഞ്ചായത്തിലെ മൂന്ന് ബൂത്തില്മാത്രമാണ് യു.ഡി.എഫ്. മുന്നിലെത്തിയത്.
കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിലും നെടുവത്തൂർ പിന്നിലായിരുന്നുവെന്നാണ് കണ്ടെത്തൽ. നിയോജകമണ്ഡലം നേതൃത്വത്തോടും സ്ഥാനാർഥിയോടും വിവിധ നേതാക്കളോടും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഡി.സി.സി. വിവരശേഖരണം നടത്തിയതെന്ന് നേതൃത്വം അറിയിച്ചു. കൂടുതൽ നേതാക്കൾക്കെതിരെയും നടപടി ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ബ്രിജേഷ് എബ്രഹാം നിഷേധിച്ചു. കാരണം കാണിക്കൽ നോട്ടീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. 2001ന് ശേഷം ഉമ്മന്നൂർ പഞ്ചായത്തിൽ യു.ഡി.എഫിന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫ്. സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തെളിയിച്ചാൽ എല്ലാ പദവികളും രാജിവെക്കാൻ തയ്യാറാണെന്നും ബ്രിജേഷ് എബ്രഹാം പറഞ്ഞു. വോട്ട് കുറഞ്ഞ മറ്റ് മേഖലകളിലും ഡി.സി.സി. ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നുവെങ്കിലും നോട്ടീസ് ലഭിച്ചത് തനിക്കുമാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.















































