ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാനാകുമെന്ന് ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ പകർപ്പാണ് വിജയ്‌യുടേതെന്നും അതിനാൽ എതിർപ്പുകളൊന്നുമില്ലാതെ ഉയർന്ന സ്ഥാനങ്ങളിലെത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് വെട്രിവേലിന്റെ അവകാശവാദം. വിജയ്‌ക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ലെങ്കിലും സ്നേഹത്തിന്റെ പേരിലാണ് തനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ചുമതലയ്ക്കുള്ള നിയമനം നല്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായി വെട്രിവേലിനെ നിയമിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ, കോടതി പരിഗണനയ്ക്കെടുക്കും മുമ്പ് തന്നെ നിയമനം റദ്ദാക്കി വിജയ് ഉത്തരവിറക്കി. ജ്യോതിഷിയെ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തിയ നടപടി സഭയിലും ശക്തമായ ചർച്ചകൾക്ക് ഇടയാക്കി. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്നായിരുന്നു പ്രധാന വിമർശനം.
നിയമനം പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് സി.പി.എം രംഗത്തെത്തി. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിവേഗം തിരുത്താൻ തയ്യാറാകുന്നത് നല്ല രാഷ്ട്രീയ സമീപനമാണെന്ന് സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം പ്രതികരിച്ചു. വിമർശനങ്ങളെ ഉൾക്കൊള്ളുന്ന നിലപാട് തുടരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
വേദജ്യോതിഷം, സംഖ്യാശാസ്ത്രം, ധ്യാനം എന്നിവയിൽ നാല് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് രാധൻ പണ്ഡിറ്റ് വെട്രിവേൽ. വിവിധ രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും ഭാവി പ്രവചിച്ചിട്ടുള്ള അദ്ദേഹം തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി ജയലളിതയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
പണ്ഡിറ്റ് വെട്രിവേൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 2008-ൽ ഡൽഹിയിലേക്ക് താമസം മാറിയ ശേഷമാണ് രാധൻ പണ്ഡിറ്റ് എന്ന പേര് സ്വീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ വിജയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും തിരഞ്ഞെടുപ്പുകൾക്ക് ഏറെ മുമ്പ് വിജയ് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നേടുമെന്ന് പ്രവചിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് സുനാമിപോലെ അതിശക്തിയായി രാഷ്ട്രീയ പ്രവേശം നടത്തുമെന്നും അധികാരത്തിലെത്തുമെന്നും വർഷങ്ങൾക്കു മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നു.

















































