കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എം.കെ.റാമിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. റാമിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ സുപ്രീംകോടതി നിർദേശിച്ച കാര്യങ്ങൾ പാലിച്ചില്ലെന്നു വ്യക്തമാക്കി തലശ്ശേരി സെഷൻസ് കോടതി റാമിനെ വിട്ടയച്ചു. പിന്നാലെ, കോടതിക്കു പുറത്തുവച്ച് ബലപ്രയോഗത്തിലൂടെ റാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷനിലെത്തിച്ച് നോട്ടിസ് നൽകി വീണ്ടും വിട്ടയച്ചു.
ഇന്നലെ രാവിലെ കുടകിൽനിന്ന് അറസ്റ്റ് ചെയ്ത റാമിനെ വൈകിട്ടോടെയാണ് തലശ്ശേരി സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയത്. എന്നാൽ സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന് കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുക്കുയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ചാണ് വിട്ടയച്ചതെന്നു ഡിവൈഎസ്പി സുധീർ കല്ലൻ വ്യക്തമാക്കി.
അതേസമയം നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. നിതിന്റെ പിതാവ് വൈ. രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജൻ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ എത്തിയപ്പോഴായിരുന്നു നിതിന്റെ പിതാവിന്റെ പ്രതികരണമുണ്ടായത്.
തന്റെ മകൻ നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്നും രാജൻ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി റാമിന്റെ അറസ്റ്റ് ആശ്വാസകരമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും രാജൻ പറഞ്ഞു. മകന്റെ നഷ്ടം നികത്താൻ സാധിക്കില്ല. ഡോ. റാമിന് ഡോക്ടറായിരിക്കാൻ ഒരു അവകാശവുമില്ല. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതക്കെതിരെയും കുറ്റക്കാരായ മറ്റ് അധ്യാപകർക്കെതിരെയും നടപടി വേണമെന്നും രാജൻ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.

















































