ഹൈദരാബാദ്: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിൽ പ്രതിയായ ഐപിഎസ് ട്രെയ്നി ഓഫിസർ ജീവനൊടുക്കാൻ ശ്രമിച്ചു. ഉടൻതന്നെ ഇയാളെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി (എസ്‌വിപിഎൻപിഎ)യിലെ മുപ്പതുകാരിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
തനിക്കു ഫോണിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ചും സുഹൃത്തുക്കളുടെ മുന്നിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും അപമാനിക്കുകയും ചെയ്തതായി സഹപ്രവർത്തക നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ബലമായി മുറിയിലേക്കു കൊണ്ടുപോയി കഴുത്തുഞെരിച്ചുകൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വകാര്യ വീഡിയോ റിക്കോർഡ് ചെയ്ത് ഭർത്താവിന് അയച്ചുകൊടുത്തതായും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 18ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

















































