മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ വർഗീയത വിളമ്പി പിസി ജോർജ്. ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും എന്നായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തതിനു പിന്നാലെ പിസി ഫേസ്ബുക്കിൽ കുറിച്ചത്.
പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും 😎
ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിനു കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.
അതേസമയം പിസി ജോർജിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് രംഗത്തെത്തി. ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് കുറിച്ചു. ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വർഗീയ പ്രചാരണമാണ് നടക്കുന്നത്.
എം ശിവപ്രസാദിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്! ലീഗിന് വഴങ്ങി ശ്രീ. കെ.സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിൻറെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ.സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണ്. ശ്രീ. കെ. സി.യെ പറ്റി കേരളത്തിലെ ലീഗ്ക്കാർ പറഞ്ഞതിനോട് ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നു. വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യുഡിഎഫ് ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിൻറെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം!


















































