കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിവസമായ വോട്ടെണ്ണൽ ദിനമായ ഇന്നാണ് പൂജ.
ഇതുകൂടാതെ ആലപ്പുഴയിലും പിണറായി വിജയന് വേണ്ടി അനുകൂലിയായ വ്യക്തി വഴിപാട് നടത്തി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴവും പാലും ആണ് വഴിപാടായി നേർന്നത്. അതേ സമയം, കേരളത്തില്‍ ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.
സിപിഎം ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. അതേസമയം കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.
















































