ആറുപേർ അന്തിയുറങ്ങുന്നത് ഒറ്റമുറി വീട്ടിൽ, ചുവരുവച്ച കട്ടകൾ പൊട്ടിയടർന്നു വീഴാറായ നിലയിൽ, വെയിലും മഴയും കൊള്ളാതിരിക്കാൻ തടയായി ടാർ പ്പോളിൻ വലിച്ചുകെട്ടിയിരിക്കുന്നു, ആറുവർഷമായി കിടപ്പുരോഗിയായ ഭാര്യ… അവനെ വീട്ടിൽ നിർത്തി പഠിപ്പിക്കാനുള്ള ആവതില്ലാത്തതുകൊണ്ടാണ് ഹോസ്റ്റലിലാക്കിയത്… പക്ഷേ…
അടൂർ: ഓലമേഞ്ഞ ഒറ്റമുറി വീട്. മഴയും വെയിലും കൊള്ളാതിരിക്കാൻ മുകളിൽ ടാർ പ്പോളിൻ ഷീറ്റ്. ചുവരിലെ കട്ടകൾ പൊളിഞ്ഞ് അടർന്നു വീഴാറായ നിലയിൽ. പുനലൂരിലെ ഹോസ്റ്റലിൽ മർദനമേറ്റെന്ന് പരാതി നൽകിയ വിദ്യാർഥിയുടെ വീടിന്റെ ശോചനീയവസ്ഥയാണിത്. അടൂർ വയലാ പാലവിള പടിഞ്ഞാറ്റേതിൽ എഫ്. സുനിൽ- സുനിത ദമ്പതിമാരുടെ മകനാണ് കഴിഞ്ഞ ദിവസം പണം മോഷ്ടിച്ചെന്നാരോപിച്ച് മർദനമേറ്റത്. വീട്ടിലെ ദയനീയ സാഹചര്യം മോശമായതിനാലാണ് കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലിലാക്കിയത്.
ആറു പേരടങ്ങുന്ന സുനിലിന്റെ കുടുംബം ഈ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. വൈദ്യുതിയല്ലാതെ മറ്റ് ഒരു സൗകര്യങ്ങളൊന്നുമില്ല. സുനിൽ കെട്ടിടം പണിക്കാരനാണ്. ഭാര്യ ഏഴു വർഷമായി കിടപ്പുരോഗിയാണ്. ഭാര്യയുടെ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും സുനിലിന്റെമാത്രം വരുമാനത്തിലാണ് നടക്കുന്നത്.
അതുപോലെ വർഷങ്ങൾ പഴക്കമുള്ള വീട് മൺകട്ടകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വീട് നിൽക്കുന്ന സ്ഥലം സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ലാത്തതിനാൽ ലൈഫ് പോലെയുള്ള ഭവന പദ്ധതികൾക്ക് അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കുട്ടിയെ വീട്ടിൽ നിർത്തി പഠിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് നാല് കുട്ടികളിൽ രണ്ടുപേരെ ഹോസ്റ്റലിലാക്കിയത്. ഒരു ബന്ധു പറഞ്ഞാണ് പുനലൂരിലെ സ്ഥാപനത്തെപ്പറ്റി അറിയുന്നത്. രണ്ടുവർഷമായി കുട്ടികൾ അവിടെയാണ് പഠിക്കുന്നത്.
സുനിതയുടെ സഹോദരൻ ജി. സുനിലിന്റെ വീട് സമീപത്തുതന്നെയാണ്. പരസഹായമില്ലാതെ എഴുന്നേറ്റുനിൽക്കാൻ സാധിക്കാത്ത സുനിത ആരോഗ്യ പ്രശ്നങ്ങളാൽ ഇദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. സുനിതയ്ക്ക് മെച്ചപ്പെട്ട ചികിത്സയും ആവശ്യമാണ് ഒന്ന് എഴുന്നേറ്റ് നടക്കണമെങ്കിൽ.
















































