കണ്ണൂർ: ചികിത്സാപ്പിഴവിനെ തുടർന്നാണ് ഭർത്താവിന്റെ മരണമെന്ന് ഭാര്യ ഉയർത്തിയ പരാതിയെ തുടർന്ന്, കണ്ണൂർ ഇരിവേരി സ്വദേശിയായ ഷാനവാസിന്റെ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം.
ബെംഗളൂരുവിലെ ഒരു മരുന്ന് വിതരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷാനവാസ് ശസ്ത്രക്രിയയ്ക്കായി അവിടെയുള്ള വിക്ടോറിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഷാനവാസിന്റെ ഭാര്യ കർണാടകയിലെ വി.വി. പുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശുപത്രി അധികൃതരോട് വിശദീകരണം തേടുകയും പരാതി ഉന്നയിക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഭാര്യ ആരോപിച്ചു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കർണാടക പൊലീസ്, മൃതദേഹം വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. ഇതിനായി കേരള പൊലീസിന്റെയും റവന്യൂ അധികൃതരുടെയും സഹായം തേടുകയും തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അനുമതി നൽകുകയും ചെയ്തു.
അതേസമയം, ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന ഗുരുതര ആരോപണവും ഷാനവാസിന്റെ ഭാര്യ ഉന്നയിച്ചു. വാർഡിൽ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ ഡോക്ടർ ശസ്ത്രക്രിയ നടത്തിയെന്നും വേണ്ടത്ര മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കാതെയാണ് ചികിത്സ നടത്തിയതെന്നും അവർ ആരോപിച്ചു. ഈ ആരോപണങ്ങൾ തെളിയിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും തന്റെ മൊബൈൽ ഫോണിലുണ്ടെന്നും ഭാര്യ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കുക.






