കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 12കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ സംഘര്‍ഷം. ശനിയാഴ്ച വൈകിട്ട് സുഹൃത്തിന് ജന്മദിനത്തില്‍ നല്‍കാനായി സമ്മാനം വാങ്ങാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ സൂര്യപൂര്‍ ഹാട്ടിന് സമീപമുള്ള കുളത്തില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിടികൂടിയ പ്രധാന പ്രതിയെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇന്ദ്രജിത് താന്തി എന്ന മറ്റൊരു യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നു. റോഡുകളും റെയില്‍വേ ട്രാക്കുകളും ഉപരോധിച്ച പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. പൊലീസിനും സിആര്‍പിഎഫ് ജവാന്മാര്‍ക്കും നേരെ കല്ലേറുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കേസില്‍ നിലവില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയുമാണ്. സംഭവത്തില്‍ നാല് വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.



















































