തിരുവനന്തപുരം: പെട്ടെന്നു മുളച്ച കോൺഗ്രസ് പ്രേമവുമായെത്തിയ കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. അതുപോലെ പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽ പറയുന്നു.
അതേസമയം പത്തു വർഷം പവർകട്ടില്ലായിരുന്നുവെന്ന ഇടതു സർക്കാരിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ് ബിജു പ്രഭാകർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഇടതുസർക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകർ ആരോപിച്ചിരുന്നു. ലോഡ് ഷെഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ സാധിക്കും. പത്തുവർഷം ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താൻ ഉള്ള സമയത്ത് രഹസ്യമായി ലോഡ് ഷെഡിങ് നടത്തിയിട്ടുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.
കൂടംകുളത്ത് സമരം ചെയ്തവർ ഇപ്പോൾ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ തനിക്ക് ഇന്നും കോൺഗ്രസിനോടാണ് താൽപര്യം. സ്‌കൂൾ കാലത്ത് നക്‌സൽ ആശയങ്ങൾ സ്വാധീനിച്ചിരുന്നുവെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തിരുന്നു.

















































