ബെയ്റൂത്ത്: യു.എസ്–ഇറാൻ വെടിനിർത്തൽ ധാരണയുടെ ഭാവിയെ ആശങ്കയിലാഴ്ത്തി ലെബനനിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ . ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായും 700-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെയ്റൂത്ത് ഉൾപ്പെടെ ലെബനനിലെ നൂറോളം ഇടങ്ങളിലാണ് വ്യോമാക്രമണം നടന്നത്.അതിനുള്ള തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
ആക്രമണങ്ങളെ “കാടത്തം” എന്നു വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകർന്നതും സമീപ പ്രദേശങ്ങൾ പുകമഞ്ഞിൽ മുങ്ങിയതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് മുൻപ് പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധസേന മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ലെബനനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്തൽ ധാരണയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഇതോടെ ബാധിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ഇന്ന് രാവിലെ രണ്ട് ടാങ്കറുകൾക്ക് അനുമതി നൽകിയ ശേഷമാണ് മറ്റ് കപ്പലുകളുടെ ഗതാഗതം നിർത്തിവെച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളാണ് ഈ തീരുമാനത്തിന് കാരണമായതെന്നാണ് സൂചന.















































