പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി മുഴക്കിയത്. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി അനുനയനീക്കങ്ങള്‍ നടത്തിയതിനൊടുവിലാണ് ഇയാള്‍ താഴെയിറങ്ങിയത്.ഇന്നലെ രാത്രിയാണ് ഊന്നുകല്ലിലുള്ള ഭാര്യയുടെ വീടിനു മുന്നിലുള്ള ട്രാൻസ്ഫോമറിന് മുകളിൽ കയറി ആരോമല്‍ ഭീഷണി മുഴക്കിയത്.
കാമുകിയെ ഇയാൾ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഏഴു മാസം ഗർഭിണിയായ കാമുകിയെയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇനി തിരികെ പോകില്ലെന്നാണ് ഭാര്യയുടെ നിലപാട്. 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്നായിരുന്നു ആരോമലിന്റെ ഭീഷണി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ചു. ഒടുവിൽ പുലർച്ചെയോടെ താഴെയിറക്കി.












































