തെഹ്റാന്‍: ആയത്തുല്ല അലി ഖമനേയിയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്( ഐആര്‍ജിസി). ഖമനേയിയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ”ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാൽ ഖമനേയി വരിച്ച രക്തസാക്ഷിത്വം, ഈ മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയൻ ജനതയുടെ പ്രതികാരത്തിന്റെ കൈകൾ… അവരെ വെറുതെ വിടില്ല”- ഐആര്‍ജിസി വ്യക്തമാക്കി. ഖമനേയി കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖമനേയി. ഖമനേയി കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

















































