തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പോലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. കൂടാതെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിലും എസ്എഫ്ഐക്കാർക്കെതിരെ നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്തതിലും അമർഷം തുറന്നുപ്രകടിപ്പിക്കുകയാണ് പോലീസുകാർ.
അസോസിയേഷൻ വാർത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പോലീസുകാർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത്. മിക്ക പോലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്സ് ഇപ്പോൾ സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്.
കമ്മിഷണർ സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ് മോഹൻതോമസിൻറെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പോലീസുകാർ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന് മേലുദ്യോഗസ്ഥനെ ചൂണ്ടി സുരേഷ് ഗോപി പറയുന്ന മാസ് ഡയലോഗ് മുതൽ ജസ്റ്റ് റിമമ്പർ ദാറ്റ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഭാഗവരെയാണ് കട്ട് ചെയ്ത് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിനെ ലക്ഷ്യംവച്ചാണ് ഈ റീൽ പ്രചരിപ്പിക്കുന്നത്. കമ്മിഷണർ സിപിഎമ്മിൻറെ സമ്മർദ്ദത്തിന് വഴങ്ങി, പൊതുയിടത്തിൽ കൂട്ട മർദനത്തിന് ഇരയായ പോലീസുകാരന് മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് സേന ഉന്നയിക്കുന്ന പ്രധാന ആരോപണം. മിഥുനെ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കേസിൽ പ്രതിയാക്കിയാണ് എഫ്ഐആറിട്ടിരിക്കുന്നത്.
മിഥുനെയും സഹോദരിയേയും പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നാലെ വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും തെളിവുകൾ പ്രതികൾക്കെതിരെ ഉണ്ടായിട്ടും മുൻകൂട്ടി ആസൂത്രണം ചെയ്ത് മിഥുനും സഹോദരിയും ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇടി വള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു.

















































