പെരുമ്പാവൂർ: എറണാകുളം പൂപ്പാനിയിലെ വാടകവീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഒമ്പത് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശിയായ സഹിൻ മണ്ഡലിനെയും സുഹൃത്തിന്റെ ഭാര്യ സബീഗുൻഹർ ഘാത്തുനെയുമാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ലഹരിവിരുദ്ധ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായാണ് എക്സൈസ് സംഘം വാടകവീട്ടിൽ മിന്നൽ പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തതോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്രയും വലിയ അളവിൽ കഞ്ചാവ് എത്തിച്ചതിന്റെ ഉറവിടം, വിതരണം ലക്ഷ്യമിട്ടിരുന്ന മേഖലകൾ, സംഭവത്തിന് പിന്നിലുള്ള ലഹരി ശൃംഖലയിലെ മറ്റ് കണ്ണികൾ എന്നിവ കണ്ടെത്താൻ എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
















































