റാഞ്ചി: ജാർഖണ്ഡിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഗ്രാമപഞ്ചായത്തിന്റെ വിവാദ നീക്കം. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി, അതിൽ ലഭിച്ച പണം ഉപയോഗിച്ച് മദ്യസൽക്കാരവും വിരുന്നും സംഘടിപ്പിക്കുന്നതിനിടെയാണ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സുനിൽ ലൊഹാര എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അമ്മ ജോലിയിൽ ആയിരുന്ന സമയത്ത് കുട്ടിയെ നോക്കാമെന്ന് പറഞ്ഞ് ഇയാൾ കൂട്ടിക്കൊണ്ടുപോയി മറ്റൊരു മുറിയിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ, രക്തസ്രാവത്തോടെ അവശനിലയിൽ മകളെ കണ്ടെത്തി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
എന്നാൽ സംഭവം പൊലീസിൽ അറിയിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ചേർന്ന യോഗത്തിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും 20,000 രൂപ ഉടൻ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ശേഷിക്കുന്ന തുക ഒരാഴ്ചയ്ക്കകം നൽകാമെന്ന ഉറപ്പും പ്രതി നൽകിയിരുന്നു.
പ്രതി നൽകിയ പണം ഉപയോഗിച്ച് ഗ്രാമത്തിൽ മാംസാഹാരവും മദ്യവും ഉൾപ്പെട്ട വിരുന്ന് സംഘടിപ്പിക്കുന്നതിനിടെയാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഘാഘ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആഘോഷം തടഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.






