കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ്മുറിയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സീമയ്‌ക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന കെ.പി. വിജയൻ എന്നയാളെ മാട്ടൂൽ എന്ന സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയെ കൊലപ്പെടുത്തിയശേഷം ലോഡ്ജിൽനിന്നിറങ്ങിയ വിജയൻ, മാട്ടൂലിലെത്തി ജീവനൊടുക്കിയതാണെന്നാണ് പോലീസ് കരുതുന്നത്.
പോലീസ് പറയും പ്രകാരം സീമയും വിജയനും അയൽവാസികളാണെന്നാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരും പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്. രണ്ടുപേരും ഒരുമിച്ചെത്തിയാണ് മുറിയെടുത്തതെന്നും നേരത്തേയും ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഉച്ചയ്ക്ക് 12.50 ഓടെ ലോഡ്ജിൽ മുറിയെടുത്തത്. അതിനുശേഷം വൈകിട്ട് ആറുമണിക്കാണ് വിജയൻ പുറത്തുപോയത്. മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണ് ഇയാൾ പോയിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും വിജയൻ മടങ്ങിയെത്താതായതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയമായി. വിജയൻ നൽകിയ ഫോൺ നമ്പരിൽ വിളിച്ചപ്പോൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മുറിയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. സ്ത്രീയുടെ കഴുത്തിലടക്കം പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. അതിനിടെ, കാണാതായ വിജയനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് മാട്ടൂലിലെ കായലോരത്ത് തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. സീമയുടെ ഭർത്താവ് രണ്ടുവർഷം മുൻപാണ് മരിച്ചത്. സംഭവത്തിന്റെ വിശദമായ അന്വേഷണത്തിലാണ് പോലീസ്.













































