ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാൽ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഒരു പ്രസംഗത്തിൽ എയിംസ് വരും മറ്റേമോനെ… എന്ന് സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു എംഎം മണിയുടെ കുറിപ്പ്.
എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമർശം നടത്തിയത്. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശമുണ്ടായത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവർ ആ ഭയത്തിൽ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
‘കൂടുതൽ പേരുകൾ നിർദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസർക്കാർ കേരളത്തിലെ സർക്കാരിനോട് 2015 മുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎൻഎയാണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.’ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം എയിംസ് വരുമെന്ന് സുരേഷ് ഗോപി ഓരോ പ്രസംഗത്തിലും ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചിട്ടും ഇന്നലെ നടത്തിയ കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിരുന്നില്ല. കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്.
















































