ബുലവായോ: അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ. സൂപ്പർ എട്ട് റൗണ്ടിലെ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 58 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം 33.3 ഓവറിൽ മറികടന്നാൽ മാത്രമേ പാക്കിസ്ഥാന് നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാത്താനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടായ പാക്കിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായി.
ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിലെത്തി. സ്‌കോർ ഇന്ത്യ 49.5 ഓവറിൽ 252ന് ഓൾ ഔട്ട്, പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ട്.
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയ വെടിക്കെട്ട് ബാറ്ററായ സമീർ മിൻഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനിൽ പട്ടേലാണ് ഇന്ത്യക്ക് മത്സരത്തിൽ തുടക്കത്തിലെ മുൻതൂക്കം നൽകിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന് പാക്കിസ്ഥാനെ 17 ഓവറിൽ 88 റൺസിലെത്തിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ തകർത്തെറിഞ്ഞതോടെ പാക്കിസ്ഥാൻ പരാജയത്തിലേക്കു കൂപ്പുകുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസിന് എല്ലാവരും പുറത്തായി. 98 പന്തിൽ 68 റൺസടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വൈഭവ് സൂര്യവംഷി 22 പന്തിൽ 30 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രെ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങി. വേദാന്ത് ത്രിവേദി മടങ്ങിയശേഷം കനിഷ് ചൗഹാനും ഖിലൻ പട്ടേലും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി ഖിലൻ പട്ടേലും ആയുഷ് മാത്രെയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
















































